കണ്ണൂർ: ജനത്തെ സമ്പൂർണ്ണമായി പറ്റിച്ച് കേരള റോഡ് ഫണ്ട് ബോർഡ് അമ്പായത്തോട് മട്ടന്നൂർ നാല് വരി പാതയുടെ അലൈൻമെൻ്റിൽ അട്ടിമറി നടത്തി. രാഷ്ട്രീയ ഇടപെടലുകളുടേയും പ്രദേശിക മത്സരങ്ങളുടേയും വാശി തീർക്കാൻ ശ്രമം നടന്നതായി ആരോപണം ഉയരുകയാണ്. ആദ്യ അലൈൻമെൻ്റിൽ ആരുമറിയാതെ മാറ്റം വരുത്തി കണിച്ചാർ ടൗണിനെ ഒഴിവാക്കി ആരുമറിയാതെ പുതിയ ബൈപാസിന് അലൈൻമെൻ്റ് തയാറാക്കിയാണ് റോഡ് ഫണ്ട് ബോർഡ് തട്ടിപ്പ് നടത്തിയത്. കണിച്ചാർ രണ്ടാം പാലം മുതൽ ചാണപ്പാറയ്ക്ക് സമീപം ചന്തമാംകുളം വരെയുള്ള ഭാഗത്താണ് ഇപ്പോൾ മാറ്റം വരുത്തിയത്. ടൗണിലൂടെ കടന്നു പോയിരുന്ന അലൈൻമെന്റ് അംഗീകരിച്ചാണ് പരിശോധനയും റിപ്പോർട്ടും തയാറാക്കിയത്. എന്നാൽ ഒക്ടോബർ 30 ന് റോഡ് ഫണ്ട് ബോർഡ് പ്രൊജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് അലൈൻമെൻ്റിൽ ആരുമറിയാതെ മാറ്റം വരുത്തുകയായിരുന്നു. പുതിയ ബൈപാസുകൾ അനുവദിക്കില്ല എന്ന പ്രഖ്യാപിച്ച് അലൈൻമെൻ്റുകൾ അതേപടി നിലനിർത്തുമെന്ന നിലപാട് സ്വീകരിച്ച റോഡ് ഫണ്ട് ബോർഡ് ഇപ്പോൾ കണിച്ചാറിൽ പുതിയ ബൈപാസ് തിരക്കിട്ട് രഹസ്യമായി പ്രഖ്യപിക്കുകയായിരുന്നു. അലൈൻമെന്റുകൾ പലയിടത്തും മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ആദ്യം മുതൽ ഉയർന്നിരുന്നു. എന്നാൽ അലൈൻമെൻ്റിൽ യാതൊരു മാറ്റവും വരുത്തില്ല എന്നായിരുന്നു റോഡ് ഫണ്ട് ബോർഡിൻ്റെ എപ്പോഴുമുണ്ടായിരുന്ന നിലപാട്. കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ അതീവ പ്രാധാന്യമുള്ള കാവുകളുടെ തനിമ നശിപ്പിച്ചും ടൗണുകൾ പൂർണമായി തകർത്തും പൗരാണിക പ്രാധാന്യമുള്ള മണത്തണയെ കീറി മുറിച്ചുമാണ് അലൈൻമെൻ്റ് ഉണ്ടാക്കിയത്. പാരിസ്ഥിതികമായി വൻ നാശം ഉണ്ടാക്കുന്നതായിട്ടും ജനങ്ങൾ വികസനമെന്ന പേരിൽ മാത്രം സ്വീകരിച്ച റോഡ് പദ്ധതിയിൽ തുടക്കം മുതൽ തട്ടിപ്പാണ് സർക്കാരും റോഡ് ഫണ്ട് ബോർഡും നടത്തിയത്. വയനാട്ടിലെ പച്ചിലക്കാട് നിന്ന് ആരംഭിച്ച് കണ്ണൂർ വിമാനത്താവളത്തിലേക്ക് എന്ന് പറഞ്ഞു പറ്റിച്ചാണ് നാല് വരി പാതയ്ക്കായി നീക്കം തുടങ്ങിയത്. എന്നാൽ ഒടുക്കം കണ്ണൂർ ജില്ലയിലെ വെറും മൂന്നര പഞ്ചായത്തിൽ മാത്രമായി നാല് വരി പാത ഒതുങ്ങി. ഇപ്പോൾ അതിലും തട്ടിപ്പ് നടത്തി അലൈൻമെൻ്റ് മാറ്റിയിരിക്കുകയാണ്. പ്രഖ്യാപിച്ച തുകയിലും വൻ വ്യതിയാനം ഇതിനിടയിൽ ഉണ്ടായി. 1950 കോടി എന്ന് പറഞ്ഞു തുടങ്ങിയ പദ്ധതിക്ക് ഒടുവിൽ ലഭിക്കുന കണക്ക് പ്രകാരം 1690 കോടി രൂപ മാത്രമാണ് മാറ്റി വച്ചിട്ടുള്ളതെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്. കൂടാതെ ബഫർ സോൺ പ്രശ്നം, സർവീസ് റോഡുകളുടെ അഭാവം എന്നിവയിലൊന്നും ഒരു വ്യക്തതയും നൽകാതെയും ഭൂമി , കെട്ടിടം, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്ന നഷ്ട പരിഹാരങ്ങളുടെ മാനദണ്ഡം പോലും നിശ്ചയിക്കാതെയും മുഴുത്ത തുക തരും തരും എന്നാവർത്തിച്ചു പറഞ്ഞതല്ലാതെ മറ്റൊന്നും വ്യക്തമാക്കാതെയാണ് നടപടികൾ മുന്നേറിയത്. വിവിധ പ്രദേശങ്ങളിൽ ബൈപാസ് വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ അതൊന്നും അനുവദിക്കില്ല എന്നും റോഡ് ഫണ്ട് ബോർഡ് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇപ്പോൾ അതെല്ലാം അട്ടിമറിച്ചാണ് കണിച്ചാറിൽ ആരുമറിയാതെ അലൈൻമെന്റ് മാറ്റിയിട്ടുള്ളത്. കൊട്ടിയൂർ, മണത്തണ, ചാണപ്പാറ, പേരാവൂർ തെരു തുടങ്ങി നിരവധി പ്രദേശങ്ങളിൽ അലൈൻമെന്റ്റിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഉണ്ടായിരുന്നു. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് മുതൽ മുഴുവൻ ടൗണുകളും പേരാവൂർ പഞ്ചായത്തിലെ പൗരണികമായ മണത്തണ ടൗണും ഇല്ലാതാക്കിയാണ് റോഡ് നിർമിക്കുന്നതിന് അലൈൻമെന്റ്റ് തയാറാക്കിയത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും റോഡ് ഫണ്ട് ബോർഡ് അവയെല്ലാം അവഗണിക്കകുയായിരുന്നു.
The Road Fund Board disrupted the alignment of the four-lane road and built a bypass without anyone knowing.




















